AddFreeStats.com Free Web Stats!Web Stats
<Previous Page കഥ Next Page>
Gulfmalayaly.com - Magazine - March
നര്‍മം
സ്‌പോര്‍ട്‌സ്‌
കഥ
കാശി
കോവിലകം ജയപ്രകാശ്
കവിത
നിന്നില്‍ ഞാന്‍ വിശ്വസിക്കുന്നു
ഖലീല്‍ ജിബ്രാന്‍. പരിഭാഷ സോണ ജി
കഥ
വേരുകള്‍
ആര്‍ ശിവപ്രസാദ്

പ്രസവിക്കാന്‍ താല്പര്യമുള്ള യുവതികളുടെ ശ്രദ്ധക്ക്...
മനോരാജ് കെ ആര്‍

പ്രസവിക്കാന്‍ താല്പര്യമുള്ള യുവതികളുടെ ശ്രദ്ധക്ക്...
പുതുമ നിറഞ്ഞ ആ പരസ്യവാചത്തിലൂടെ ഒരു വട്ടം കണ്ണോടിച്ച് പത്രത്തിലെ മാട്രിമോണിയല്‍ പരസ്യവിഭാഗ മേധാവി ഒന്ന് പുഞ്ചിരിച്ചു. കട്ടിക്കണ്ണടയിലൂടെ എതിരെ ഇരിക്കുന്ന സുമുഖനായ ചെറുപ്പക്കാരനെ ഒന്ന് ഇരുത്തി നോക്കി. തന്റേതല്ലാത്ത കാരണങ്ങളാല്‍ വിവാഹ ബന്ധം വേര്‍പെടുത്തിയ യുവാവ്, മുപ്പത്തഞ്ച് വയസ്സ്, ഇരു നിറം, ഭദ്രമായ സാമ്പത്തിക സ്ഥിതി. അനുയോജ്യരായ പെണ്‍കുട്ടികളുടെ മാതാ പിതാക്കളില്‍ നിന്നോ പെണ്‍കുട്ടികളില്‍ നിന്നോ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. പ്രായം, ജാതി, വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തികം ഇവയൊന്നും പ്രശ്‌നമല്ല. പക്ഷെ എന്റെ കുട്ടികളെ പ്രസവിക്കാന്‍ തയ്യാറായിരിക്കണം എന്നത് നിര്‍ബന്ധം.

മാറ്ററിലൂടെ കണ്ണോടിച്ച ശേഷം ചെറുപ്പക്കാരനെ വീണ്ടും ഒരരക്കിറുക്കനെ നോക്കുന്ന പോലെ നോക്കിക്കൊണ്ടിരിക്കുകയാണ് അഡ്വര്‍ട്ടൈസിങ് മാനേജര്‍. 'സാര്‍, ഈ പരസ്യം നാളെ കഴിഞ്ഞ് പത്രത്തില്‍ കൊടുക്കണം. നാളെ എന്റെ വിവാഹമോചനക്കേസിന്റെ വിധി വരും' മാനേജര്‍ ഒന്നും മിണ്ടാതെ വീണ്ടും അയാളെ തന്നെ നോക്കി. 'മടുത്തു സാര്‍, എനിക്ക് അവളോടൊപ്പമുള്ള ജീവിതം മടുത്തു. എത്രയെന്ന് കരുതിയാണ് ഇതൊക്കെ സഹിക്കുന്നത്. സാറിനറിയോ, ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. എന്തെല്ലാം സ്വപ്നങ്ങളായിരുന്നു ഞങ്ങള്‍ക്ക്' എന്തൊക്കെയോ പറയാന്‍ അയാള്‍ തിക്കുമുട്ടും പോലെ.. പേനകൊണ്ട് മൂക്ക് ചൊറിഞ്ഞ് മാനേജര്‍ നല്ലൊരു ശ്രോതാവായി. 'ഒരു പാവം പെണ്ണായിരുന്നു അവള്‍.. പൂക്കളോടും പ്രകൃതിയോടും കിന്നാരം പറഞ്ഞ് നടന്ന, പുഴകളെ വല്ലാണ്ട് സ്‌നേഹിച്ച ഒരു പാവം മലനാട്ടുകാരി.. ജീവിതം കൃഷിക്കായി ഉഴിഞ്ഞ് വച്ച ഒരു കുടുംബത്തിലെ രണ്ടാമത്തെ പെണ്‍കുട്ടി. സാറിനറിയോ അവള്‍ക്ക് മണ്ണിന്റെ മണമായിരുന്നു. ഇഞ്ചിയുടേയും ഏലത്തിന്റെയും ഒക്കെ സുഗന്ധം!'

'അവളുടെ നാട്ടില്‍ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനായി നിയമിതനായതായിരുന്നു ഞാന്‍. അങ്ങിനെ പരിചയമായി. പരിചയം പ്രണയമായി. പ്രണയം വിവാഹമായി. എന്നും അവളോടൊപ്പം ഒരു കുട്ടിപ്പട്ടാളം ഉണ്ടാകുമായിരുന്നു. ഒക്കത്തും, ദാവണിത്തുമ്പില്‍ തുങ്ങിയും ഒക്കെ അവര്‍ അവളെ വിടാതെ പിന്തുടരുമായിരുന്നു. അനുരാഗത്തിന്റെ തീവ്രദിനങ്ങളില്‍ ഈ കുട്ടിപട്ടാളം എനിക്ക് അലോസരം സൃഷ്ടിച്ചിട്ടുണ്ട്. അത് പ്രകടിപ്പിക്കുമ്പോള്‍ അവള്‍ വല്ലാതെ വിഷമിക്കുമായിരുന്നു. കുട്ടികളെ കുറിച്ച് അവള്‍ വാതോരാതെ സംസാരിക്കും. വിവാഹശേഷം ഉണ്ടാവുന്ന കുട്ടികള്‍ക്ക് പേര് വരെ അവള്‍ കണ്ടെത്തിയിരുന്നു. അഞ്ച് കുട്ടികള്‍! അതായിരുന്നു അവളുടെ സ്വപ്നം! അത് പറയുമ്പോഴൊക്കെ കുഞ്ചിയമ്മയ്ക്കഞ്ച് മക്കളാണേ എന്ന പാട്ട് പാടി അവളെ കളിയാക്കുമായിരുന്നു ഞാന്‍. ആ അവള്‍ക്കാണിപ്പോള്‍ പ്രസവത്തോട് പുച്ഛം! അല്ല എല്ലാം എന്റെ തെറ്റ് തന്നെ'

'എന്താ ഉണ്ടായത്' മാനേജര്‍ ചോദിച്ചു. കഥ പറയാന്‍ അയാള്‍ കൂടുതല്‍ ഉത്സാഹിതനായി.
വിവാഹശേഷം എനിക്ക് കിട്ടിയ ഒരു സ്‌കോളര്‍ഷിപ്പിന്റെ തുടര്‍ച്ചയായി ഉപരിപഠനാര്‍ത്ഥം ഗവണ്മെന്റ് എന്നെ അമേരിക്കയിലേക്ക് വിട്ടു. അഗ്രിക്കള്‍ച്ചറല്‍ സയന്‍സിലെ ചില നൂതന ടെക്‌നോളജികള്‍ ഡവലപ്പ് ചെയ്യുകയായിരുന്നു ലക്ഷ്യം. അങ്ങിനെ ഞങ്ങള്‍ ഇരുവരും അമേരിക്കയിലേക്ക് പറിച്ചു നടപ്പെട്ടു. റിസര്‍ച്ചും അതിന്റെ പേപ്പര്‍ വര്‍ക്കുകളുമായി ഞാന്‍ പകല്‍ മിക്കവാറും തിരക്കിലാവുമ്പോള്‍ അവള്‍ കുഞ്ഞുടുപ്പുകളുടെയും കുട്ടികളുടെ ചിത്രങ്ങളുടെയും വലിയ ഒരു ശേഖരം തന്നെ ഉണ്ടാക്കി. അവളുടെ വിരസതയകറ്റാനായിരുന്നു വിദ്യാസമ്പന്നയായ അവള്‍ക്ക് അവിടെയുള്ള മലയാളി സോഷ്യല്‍ നെറ്റ് വര്‍ക്കുകളെ പരിചയപ്പെടുത്തിയത്. ജന്മനാ കലാവാസനകള്‍ ഉള്ള അവള്‍ മനോഹരമായ അവളുടെ കവിതകളിലൂടെയും ഡാന്‍സിലൂടെയും മറ്റും അവരുടെയിടയില്‍ പെട്ടന്ന് പോപ്പുലറായി. ഞാനും അതിലൊക്കെ വളരെയധികം സന്തോഷിച്ചു. ക്ലബുകളിലെയും മലയാളി സമാജങ്ങളിലേയും എല്ലാം പരിപാടികളില്‍ അവളുടെ കവിതകളും ഡാന്‍സും എല്ലാം ഒരു പ്രധാന ഇനമായി മാറി. എന്തുകൊണ്ടോ പ്രായഭേദമന്യേ അവള്‍ക്ക് ഒട്ടേറെ ആരാധകരുമായി. എല്ലാം ഞങ്ങള്‍ ഇരുവരും നന്നായി ആസ്വദിച്ചു. ഫെമിനിസ്റ്റ് വേദികളിലെ സജീവസാന്നിധ്യമായി അവള്‍ മാറി.. അതൊക്കെ പക്ഷെ നല്ലതായേ ഞാനും കണ്ടുള്ളു. പക്ഷെ, ഒരു സെലിബ്രിറ്റിയായെന്ന തോന്നല്‍ അവളെ വല്ലാതെ അഹങ്കരിപ്പിച്ചു തുടങ്ങിയിരുന്നു എന്ന് അറിയാന്‍ ഞാന്‍ വൈകി.

ഒരിക്കല്‍ രാത്രിയിലെ സ്വകാര്യനിമിഷത്തിലെപ്പോഴോ നമുക്ക് കുട്ടികള്‍ വേണ്ടാട്ടോ എന്ന് അവള്‍ കുറുകികൊണ്ട് പറഞ്ഞപ്പോഴും അത് ഒരു കുട്ടിക്കളിയായേ ഞാന്‍ കണ്ടുള്ളൂ. പക്ഷെ, പിന്നീട് നാട്ടില്‍ നിന്നുള്ള കത്തുകളില്‍ വിശേഷം വല്ലതുമായോ എന്ന ചോദ്യം കണ്ട് ഒരിക്കല്‍ അവള്‍ കത്ത് വലിച്ച് കീറുന്നത് കണ്ടപ്പോഴാണ് ഞാന്‍ ശരിക്കും കാര്യങ്ങളുടെ ഭീകരത മനസ്സിലാക്കിയത്. അന്ന് ഞങ്ങള്‍ കുറെ വഴക്കടിച്ചു. കുട്ടികളെ ഒരുപാട് സ്‌നേഹിക്കുന്ന നിനക്ക് എന്ത് പറ്റി എന്ന ചോദ്യത്തിന് അവള്‍ പറഞ്ഞ ഉത്തരം കേള്‍ക്കണോ സാറിന്.

'നിങ്ങള്‍ പറയൂ.ഞാന്‍ കേള്‍ക്കുന്നുണ്ട്' മാനേജര്‍ക്കും കഥ കേള്‍ക്കാന്‍ താല്പര്യമായി.
'എന്തിനാ എന്റെ മനോഹരമായ അംഗലാവണ്യം ഒരു സാദാ പ്രസവത്തിനു വേണ്ടി ഞാന്‍ നശിപ്പിക്കുന്നത്. നിങ്ങള്‍ക്കറിയോ എന്റെ ഈ മനോഹരമായ വയര്‍ ഞങ്ങളുടെ ഫെമിന ക്ലബില്‍ എല്ലാവര്‍ക്കും ഒരത്ഭുതമാണ്. അതില്‍ വെറുതെ വെള്ള വരകള്‍ വീഴ്തണോ ഞാന്‍.. എന്റെ ആരോഗ്യം. എന്റെ ശരീരവടിവ്... ഇതൊക്കെ പ്രസവത്തിലൂടെ ഞാന്‍ നശിപ്പിക്കണോ..' സാറ് പറയ് ഞാന്‍ എന്താ അവളോട് മറുപടി പറയേണ്ടത്. മാനേജര്‍ തലക്ക് കൈകൊടുത്ത് വെറുതെ ഇരുന്നു. എന്നിട്ടും സംയമനം പാലിച്ച ഞാന്‍ അവളുടെ കുട്ടികളോടുള്ള ഇഷ്ടത്തെ കുറിച്ച് സംസാരിച്ചു. പണ്ട് പറഞ്ഞ അഞ്ച് കുട്ടികളുടെ കാര്യം ഓര്‍മ്മിപ്പിച്ചു. അവളുടെ മറുപടി എനിക്ക് സഹിച്ചില്ല സാറേ.. പത്രവായന ഇഷ്ടമാണെന്ന് വച്ച് അവള്‍ കെ.എം.മാത്യു ആവണോ എന്ന്..!!!

മാനേജര്‍ പുഞ്ചിരിച്ചു. പുച്ഛം കലര്‍ന്ന ഒരു ചിരി. കട്ടിഗ്ലാസ് ഒന്ന് കൂടെ മൂക്കില്‍ ഉറപ്പിച്ചു.
മടുത്തു സാര്‍. എനിക്ക് മടുത്തു. വിവാഹമോചനം വാങ്ങാനാ ഞാന്‍ ഇപ്പോള്‍ നാട്ടില്‍ വന്നത് തന്നെ. സാര്‍ മറ്റേന്നാളത്തെ പത്രത്തില്‍ ഈ മാറ്റര്‍ കൊടുക്കണം. മാനേജറുടെ മുഖത്തേക്ക് നിസ്സഹായനായി നോക്കിയശേഷം അയാള്‍ ഒന്നും മിണ്ടാതെ ഇറങ്ങിനടന്നു. അയാളുടെ പോക്ക് നോക്കിയിരിക്കുമ്പോള്‍ അടുത്ത ദിവസം ലഭിച്ചേക്കാവുന്ന പുതിയ ക്ലാസിഫൈഡിനായി തികച്ചും ബിസിനസ്സുകാരനായ മാനേജര്‍ ഒരു പരസ്യവാചകം കൂടെ ഉണ്ടാക്കി.
ഗര്‍ഭപാത്രം വെറുതെ കൊടുക്കപ്പെടും. ആവശ്യക്കാര്‍ സമീപ്പിക്കുക.