Home | GM Special Archive | gulfmalayaly.com

ടെസ്റ്റിലെ ഇന്ത്യന്‍ പ്രകടനം

ആര്‍ എ പി

indiaകംഗാരുപ്പടകളുടെ സമീപകാല പ്രകടനങ്ങളെ അടിമുടി വിലയിരുത്തി വിജയം അച്ചെട്ടാണെന്നുറപ്പിച്ചാണ് ധോണിയും കൂട്ടരും കഴിഞ്ഞ ഡിസംബര്‍ ഇരുപത്താറാം തിയ്യതി ഓസ്‌ട്രേലിയയിലേക്ക് വിമാനം കയറിയത്. എന്നാല്‍ ഗ്രൗണ്ടിലിറങ്ങി ടീം കളിതുടങ്ങിയപ്പോള്‍ ടീം സെലക്ടര്‍ ശ്രീകാന്തിന്റെ മാത്രമല്ല ഓരോ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകന്റെയും ഹൃദയം തകര്‍ന്നു പോയി.
ഇന്ത്യ ഇനി ടെസ്റ്റു മത്സരങ്ങള്‍ കളിക്കേണ്ടതുണ്ടോ? നമുക്കീ വണ്‍ഡേയും ട്വന്റി ട്വന്റിയും മാത്രം പോരേ? എന്തിന് വെറുതേ വെള്ളക്കുപ്പായത്തില്‍ ചളി പുരട്ടണം. ബി സി സി ഐ ഇക്കാര്യം കാര്യമായൊന്നു ആലോചിക്കുന്നത് നന്നായിരിക്കും. കാരണം ലോക ചാമ്പ്യന്മാരായിരുന്നിട്ടും ഞങ്ങള്‍ക്ക് ഈ പണിയറിയില്ല എന്ന് അടിക്കടി രണ്ടു തവണയായി ടീം തെളിയിച്ചു വരുന്നു. അതും വന്‍ മാര്‍ജിനില്‍.
ലക്ഷ്യബോധത്തോടെയുള്ള കരുനീക്കമായിരുന്നു കളിയാരംഭം മുതല്‍ ഓസ്‌ട്രേലിയന്‍ ടീം പുറത്തെടുത്തത്. ഇടയ്ക്കുണ്ടായ തിരിച്ചടികളിലൊന്നും പതറിയില്ല. പരമ്പരയിലുടനീളം ബാറ്റിംഗിന്റെയും, ബൗളിംഗിന്റെയും നിലവാരമെന്തെന്ന് ഗ്രൗണ്ടില്‍ തെളിയിച്ചു. ഒരു പക്ഷേ ഇന്ത്യന്‍ ടീമിനില്ലാത്തതും ഇതുതന്നെ. മെല്‍ബണും സിഡ്‌നിയും കടന്ന് പെര്‍ത്തിലേക്കും അവസാനം അലൈഡ്‌സിലേക്ക് എത്തിയപ്പോഴും ആ നിലവാരത്തിന് കാര്യമായ മാറ്റമൊന്നു മുണ്ടായില്ല.
അമ്പതിനായിരത്തിലധികം റണ്ണുകളുള്ള ഒരു ബാറ്റിംഗ് നിര പുറത്തെടുക്കേണ്ട കളിയായിരുന്നില്ല ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീം കാഴ്ചവച്ചത്. മെല്‍ബണ്‍ മുതല്‍ അലൈഡ്‌സ് വരെ ഒരോ മത്സരവും ടീമിന്റെ തകര്‍ച്ചയുടെ ആഴം വര്‍ദ്ധിപ്പിച്ചു. അടുത്ത കളിയില്‍ നിന്നെ ഞാനെടുത്തോളാമെന്ന വെല്ലുവിളിയ്ക്കു മാത്രം കുറവു വന്നില്ല. ഇംഗ്ലണ്ടിനോട് അവരുടെ നാട്ടില്‍ വലിയ മാര്‍ജിനില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായത്. പക്ഷേ ആ തോല്‍വിയ്ക്ക് ന്യായീകരണമുണ്ടായിരുന്നു. വെസ്റ്റിന്‍ഡീസ് പര്യടനം കഴിഞ്ഞ് വന്ന ടീമില്‍ നിന്നും മുതിര്‍ന്ന താരങ്ങള്‍ക്കെല്ലാം വിശ്രമമനുവദിച്ചിരുന്നു. എന്നാല്‍ ഇവിടെ ആ ന്യായീകരണവും വിലപ്പോവില്ല. കാരണം അത് ടീം സെലക്ടര്‍മാര്‍ സമ്മതിച്ചു തരില്ല. രാജ്യത്തെ ഏറ്റവും മികച്ച ടീമിനെയാണ് ഓസ്‌ട്രേലിയയിലേക്ക് അയച്ചതെന്ന് അവര്‍ മുമ്പേ വ്യക്തമാക്കിക്കഴിഞ്ഞു.
തോല്‍വികളേറ്റു വാങ്ങി ആരാധകമനസ്സ് തകര്‍ന്നപ്പോഴും സച്ചിന്റെ ബാറ്റില്‍ നിന്നും ഒരു നൂറു പിറക്കാന്‍ അവര്‍ കാത്തിരുന്നു. പക്ഷേ നൂറാം സെഞ്ച്വറിയെന്ന മുന്തിരി ഇപ്പോള്‍ സച്ചിന്റെ ആരാധകര്‍ക്ക് പുളിച്ചു തുടങ്ങി. മെല്‍ബണ്‍ ടെസ്റ്റു വരെയേ അത് കൊട്ടിഘോഷിക്കപ്പെട്ടുള്ളൂ. അതിലും അത്ഭുതപ്പെടാനില്ല. അഞ്ച് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് സച്ചിന്റെ ആദ്യ സെഞ്ച്വറി പിറന്നതെന്ന് ആരാധകര്‍ മനസ്സിലാക്കിക്കാണും.
പരാജയത്തില്‍ നിന്നും പഠിക്കാന്‍ ഒരു പാടു കാര്യങ്ങളുണ്ട്. കളിക്കാനിറങ്ങുമ്പോള്‍ വിദേശ മണ്ണിലാണ് കളിക്കാന്‍ പോകുന്നതെന്നും, എതിര്‍ ടീമിന്റെ ബാറ്റിംഗ് ബൗളിംഗ് നിര എങ്ങിനെയാണെന്നും മനസ്സിലാക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ ബാറ്റിംഗ് ബൗളിംഗ് ശൈലിയില്‍ എന്തെങ്കിലും മാറ്റം ആവശ്യമെങ്കില്‍ അതു പിന്തുടരണം ഓരോ കളിക്കാരനും കൂടെ കോച്ചും.

 


കഴിഞ്ഞ ലക്കത്തില്‍നിന്ന്‌

ഐ ലീഗ് ആവേശകരമായ അന്ത്യത്തിലേക്ക്
ആര്‍ എ പി